ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

ഇതിഹാസ പരാമര്‍ശിയായ ബാണാസുരന്റെ കഥയുമായി ബന്ധമുള്ള പടിഞ്ഞാറ് ഭാഗത്തെ പര്‍വ്വത നിരയുടെ താഴ്വരയിലെ ഈ പ്രദേശത്തിന് പൌരാണിക പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ബാണന്റെ കൊട്ടാരം കാക്കാന്‍ നിയോഗിക്കപ്പെട്ട ശിവന്‍, അതിനായി മലകയറി(മലക്കാരി) ദൈവമായി മാറി കിരാതവേഷ ധാരിയായി കാവല്‍ നിന്ന് ശ്രീകൃഷ്ണനോട് ഏറ്റുമുട്ടുകയും പരാജയപ്പെട്ട് പിന്‍വാങ്ങുകയും ചെയ്തു. ബാണയുദ്ധത്തില്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ ഛേദിച്ച സ്ഥലമത്രെ പുളിഞ്ഞാന്‍ പരിസരത്തുള്ള കരബാണചേദി (കരുവണശേരി).പുളിയ രാജവംശത്തിലെ പിന്‍തുടര്‍ച്ചക്കാരായ വിഭാഗത്തിന്റെ അധീനതയില്‍ ആയിരുന്ന ‘പുളിയന്‍ ചാലാ’ണ് പുളിഞ്ഞാല്‍ ആയതെന്ന് പറയപ്പെടുന്നു. ഇവിടുത്തെ പുളിഞ്ഞാല്‍ കോട്ടയും കോട്ടമൈതാനവും പ്രസിദ്ധമാണ്. ഈ പ്രദേശത്ത് പ്രാചീനമായ ക്ഷേത്രാവശിഷ്ടങ്ങള് ഇന്നും കാണാനുണ്ട്.പുളിയ വംശത്തിന്റെ ദുര്‍ഭരണവും ജനദ്രോഹവും കൂടി വന്നപ്പോള്‍ അതില്‍ നിന്ന് രക്ഷക്കായി മംഗലശ്ശേരി , വട്ടത്തോട, ചെറുകര, കരിങ്ങാരി, തരുവണ തുടങ്ങിയ നായര്‍ നാടുവാഴികള്‍ അടങ്ങുന്ന വെള്ളായ്മ(പൊരുന്നന്നൂര്‍) സ്വരൂപം കോട്ടയം സ്വരൂപത്തോട്(പഴശ്ശി) അപേക്ഷിച്ചത് അനുസരിച്ച് പുളിയ വംശത്തെ പഴശ്ശിരാജ തോല്‍പിച്ചു. വെള്ളായ്മ അഥവാ പൊരുന്നന്നൂര്‍ സ്വരൂപം പഴശ്ശി(കോട്ടയം) രാജയുടെ അധീശത്വം സ്വീകരിച്ചു.പഴയ വെള്ളായ്മ സ്വരൂപമെന്നും പൊരുന്നന്നൂര്‍ സ്വരൂപം എന്നും പറയുന്ന അധീശ പ്രദേശമാണ് ഇന്നത്തെ വെള്ളമുണ്ട പഞ്ചായത്ത്. അന്നത്തെ ‘വെള്ളായ്മ’ സ്വരൂപത്തില്‍ പെട്ട മംഗലശ്ശേരി, വട്ടത്തോട, കരിങ്ങാരി, ചങ്ങാടം, ചെറുകര എന്ന 5 ദേശപതിമാരുടെ പ്രദേശങ്ങളാണിതില്‍ ഉള്‍പ്പെട്ടിരുന്നത്. പഴശ്ശിരാജയുടെ പ്രതിനിധി വര്‍ഷത്തില്‍ ഒരിക്കല്‍ അഞ്ചില്ലം തറവാട്ടില്‍(എടം) വരുമായിരുന്നു. അപ്പോള്‍ വിവിധ ചുമതലകള്‍ ഓരോ തറവാട്ടുകാരും നിര്‍വ്വഹിക്കേണ്ടിയിരുന്നു. രാജപ്രതിനിധി നല്‍കുന്ന ഓണപ്പുടവ “വെള്ളമുണ്ട” ഒരുക്കേണ്ടത് വെള്ളമുണ്ട (വട്ടത്തോട്) നമ്പ്യാരും മാനന്തവാടി പുഴയിലെ ചങ്ങാടം കടത്തി മഞ്ചലില്‍ കൊണ്ടു വരേണ്ടത് ചങ്ങാടത്ത് മഞ്ചാന്‍ നമ്പ്യാരും ആയിരുന്നുവത്രെ. ‘അഞ്ചില്ലം’ സ്വരൂപക്കാര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്താണ് ഈ പ്രദേശത്തെ അടിയന്തിരങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയും ശിക്ഷാവിധികളും മറ്റു പ്രധാന കാര്യങ്ങളും നിശ്ചയിച്ചിരുന്നത്. കുരിക്കലാല്‍ ഭഗവതി ക്ഷേത്രം, ‘തൊണ്ണമ്പറ്റ’ പരദേവതാ ക്ഷേത്രം ,മംഗലശ്ശേരി ശിവക്ഷേത്രം ,വേട്ടയ്ക്ക് ഒരു മകന്‍ ക്ഷേത്രം, പഴശ്ശി രാജാവുമായി ബന്ധപ്പെട്ട മംഗലശ്ശേരി മനയിലെ ശ്രീ പോര്‍ക്കലി ക്ഷേത്രം, പീച്ചങ്കോട്ട് പുറമംഗലത്ത് ശ്രീ പോര്‍ക്കരി ക്ഷേത്രം, വീര കേരള വര്‍മ്മമാരുടെ കാരാട്ട് മുതിരക്കല്‍ കോവിലകം ക്ഷേത്രം, ചെരുവലത്ത് കുറുച്യതറവാട്ടിലെ കരിമ്പീലി ഭഗവതി ക്ഷേത്രം, മേച്ചിലാട്ട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ പ്രസിദ്ധ ക്ഷേത്രങ്ങളാണ്.പഴശ്ശിയുടെ ഒളിപ്പോര്‍ സങ്കേതങ്ങളില്‍ ഒന്ന് മംഗലശ്ശേരി മലയില്‍ ആയിരുന്നു എന്നും അന്ന് സ്ഥാപിക്കപ്പെട്ടതാണ് ശ്രീ പോര്‍ക്കലി ക്ഷേത്രം എന്നും പറയപ്പെടുന്നു. കുറ്റ്യാടിച്ചുരം വഴി ഈ പ്രദേശത്തേക്ക് എത്തിയ ബ്രിട്ടീഷുകാരോട് ചെറുത്തുനിന്ന പഴശ്ശിരാജ പടയോട്ടം നടത്തിയ മാര്‍ഗ്ഗങ്ങളുടെ അടയാളങ്ങളും കാണാനുണ്ട്. പഴശ്ശിരാജയുടെ മേല്‍ക്കോയ്മ സ്വീകരിച്ച അഞ്ചില്ലം, സ്വരൂപക്കാരുടെ അടിയന്തിരാദി ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി വിവിധ കുലത്തൊഴില്‍ ചെയ്യുന്നവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടു വന്നത് ഈ പ്രദേശങ്ങളില്‍ കൂടെയായിരുന്നു. പൂജാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ബ്രാഹ്മണര്‍(എമ്പ്രാന്തിരി), കളമെഴുത്തും പാട്ടും നടത്താനുള്ള തെയ്യംപാടി കുറുപ്പന്മാര്‍, തിറയും, തെയ്യവും കെട്ടാനുള്ള അഞ്ഞൂറ്റന്‍, മുന്നൂറന്‍, അമ്പലങ്ങളില്‍ മാലകെട്ടാനുള്ള നമ്പീശന്‍മാര്‍, മൂസ്സമാര്‍, ചെണ്ടക്കാരായ മലയര്‍, പുലയടിയന്തിരങ്ങള്‍ നടത്തേണ്ട വണ്ണാനും മാരാനും, ക്ഷൌരക്കാര്‍, അലക്കുകാര്‍, കൊല്ലന്‍, ആശാരിമാര്‍, തട്ടാന്‍ തുടങ്ങിയവര്‍ ഒക്കെ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്ന ചെറുകര, കരിങ്ങാരി, വെള്ളമുണ്ട എന്നീ പ്രദേശങ്ങളില്‍ ഉണ്ട്.വട്ടത്തോട് തറവാട്, വെള്ളമുണ്ട ഇടം ആയിരുന്നു. അതില്‍ നിന്നാണ് വെള്ളമുണ്ട എന്ന പ്രാദേശിക നാമം ഉണ്ടായത്.ഈ ദേശങ്ങളിലെ ഭൂവുടമകള്‍ (ജന്മിമാര്‍) ഈ തറവാട്ടുകാര്‍ തന്നയായിരുന്നു. ഈ ജന്മിമാരാണ് ഇവിടങ്ങളില്‍ ‘കുടിയാന്മാരില്‍’ നിന്ന് പാട്ടം പിരിച്ചിരുന്നത്.വയനാട്ടിലെ ഇതര പ്രദേശങ്ങളെക്കാള്‍ ഇസ്ളാം മതാനുയായികളേറേയുള്ള ഈ പഞ്ചായത്തിലെ മുസ്ളീം സമുദായത്തിനും നാലു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്ര പാരമ്പര്യമാണുള്ളത്.കോട്ടയം രാജാവാണ് കച്ചവടം നടത്തിക്കുന്നതിനായി ‘നാദാപുരം’ ഭാഗത്തുനിന്ന് ഇവരെ ഈ പ്രദേശത്തു കൊണ്ടു വന്ന് കുടിയിരുത്തിയത് തരുവണയിലെ ‘വൈശ്യന്‍’ കുടുംബക്കാരാണ് ആദ്യത്തെ കച്ചവടക്കാരായി വന്നതെന്നും അവര്‍ക്ക് തരുവണയില്‍ ഒരു പള്ളി കോട്ടയം രാജാവ് നിര്‍മ്മിച്ചുകൊടുത്തിരുന്നുവെന്നും പറയപ്പെടുന്നു. കോറോം, വെള്ളമുണ്ട (പഴയങ്ങാടി) എന്നിവിടങ്ങളിലും പള്ളി നിര്‍മിച്ചിരുന്നു. കച്ചവടാര്‍ത്ഥം വയനാട്ടിലെത്തിയ ഇവര്‍ കുഞ്ഞോം, കോറോം, കണ്ടത്തുവയല്‍, പുളിഞ്ഞാല്‍, വാരാമ്പറ്റ, പഴഞ്ചന, തരുവണ, ആറുവാള്‍, കെല്ലൂര്‍ ഭാഗങ്ങളില്‍ സ്ഥിരതാമസക്കാരായി. ഇവിടങ്ങളിലെ പ്രാചീനങ്ങളായ പള്ളികളും, പഴയ മുസ്ളീം തറവാടുകളും പഴമയുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. അഞ്ചില്ലം തറവാട്ടുകാരുമായി സൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞ ഇവര്‍, സ്വന്തമായി ഭൂമി വാങ്ങി സങ്കേതങ്ങള്‍ സ്ഥാപിക്കുകയാണുണ്ടായത്. ഹിന്ദു-മുസ്ളീം ഐക്യത്തിന്റേയും സൌഹാര്‍ദ്ദത്തിന്റേയും പഴയകഥകള്‍ കാരണവന്മാര്‍ ഇന്നും അനുസ്മരിക്കുന്നുണ്ട്. ധര്‍മ്മിഷ്ഠരും, പൊതുകാര്യ ,വിദ്യാഭ്യാസ പ്രശസ്ഥരുമായി പല പ്രശസ്ത വ്യക്തികളും മുസ്ളീം സമുദായത്തില്‍ ഈ പ്രദേശത്തുണ്ടായിരുന്നു. അവരില്‍ ചില പ്രാധാനികളാണ് മണിമ്മ അഹമ്മദ് ഹാജി, പള്ളിയില്‍ സൂപ്പിക്കുട്ടി, കൂനിങ്ങാരത്തു മമ്മു, കോരന്‍ മൊയ്തു ഹാജി എന്നിവര്‍.

 

കുടിയേറ്റ ചരിത്രം

മലബാറിലെ ക്രിസ്തീയ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പ്രദേശത്തെ കുടിയേറ്റത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1948ലാണ് ഈ പ്രദേശത്തെ ആദ്യത്തെ കുടിയേറ്റ കുടുംബക്കാര്‍ വന്നതെന്ന് പറയപ്പെടുന്നു. അരീക്കാട്, മൂത്തനാട്, പൂന്തോലില്‍, കപ്യാര്‍മലയില്‍ തുടങ്ങിയ കുടുംബക്കാര്‍ ഇതില്‍ പെടുന്നു. 1950ലാണ് വെള്ളമുണ്ടയിലെ ക്രിസ്തീയ ദേവാലയം സ്ഥാപിച്ചത്. പുളിഞ്ഞാല്‍, കാരക്കാമല, ഒഴുക്കംമൂല, മംഗലശ്ശേരി മല, കൊമ്മയാട് എന്നീ പ്രദേശങ്ങള്‍ മുഖ്യ കുടിയേറ്റ കേന്ദ്രങ്ങളാണ്.പട്ടിക വര്‍ഗക്കാരില്‍ പ്രാമുഖ്യമുള്ളത് കുറിച്യര്‍ക്കാണ്. പഴിശ്ശിയുടെ പടനായകനായ തലക്കല്‍ ചന്തുവിന്റെ പിന്തുടര്‍ച്ചക്കാരായ ഇവര്‍ വില്ലാളിവീരന്മാരായിരുന്നു. ഈ പഞ്ചായത്തിലെ ചെറുവയലത്ത്, കരുവണശ്ശേരി, കക്കോട്ടം, പുല്ലോറ, തൊടുവയില്‍, കാപ്പുവയല്‍, കാപ്പുംമൂട്ടിന്‍, പെരുവടി, എരുവഞ്ചേരി, പാറമൂല എന്നീ ‘മിറ്റ’ങ്ങള്‍ പഴക്കമുള്ള കുറിച്യത്തറവാടുകളാണ്. ‘മലക്കാരിക്കു കൊടുക്കല്‍’, ‘ദൈവം കാണല്‍’ തുടങ്ങിയ ആചാരങ്ങള്‍ ഇന്നും ഇവര്‍ പിന്തുടര്‍ന്നു വരുന്നുണ്ട്. ഇന്നും മരുമക്കത്തായമനുസരിച്ച് കൂട്ടുകുടുംബമായി ജീവിക്കുന്ന ഇവര്‍ക്കു സ്വന്തമായി ഭൂമിയുണ്ട്. തൊട്ടുകൂടായ്മ, തീണ്ടല്‍ എന്നീ ആചാരങ്ങളും പഴയ വേഷധാരണരീതികളും ഇന്നും ചില പ്രായം ചെന്നവര്‍ കര്‍ശനമായി പാലിച്ചു വരുന്നു.പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട പണിയര്‍ സമുദായക്കാര് പഞ്ചായത്തിലെ എല്ലാ ഭാഗത്തുമുണ്ട്. കോളനിയായി താമസിക്കുന്ന ഇവര്‍ക്കു ഭൂവുടമകളുമായുള്ള പഴയ ബന്ധം ഇപ്പോഴില്ല. പ്രാചീനകാലം മുതല്‍ ഇവര്‍ കര്‍ഷകതൊഴിലാളികളായിരുന്നു. ഭൂവുടമകളെ ആശ്രയിച്ച് കുടിലുകള്‍ കെട്ടി താമസിച്ചിരുന്ന ഒരു കര്‍ഷകന്റെ കൂടെ തന്നെ സ്ഥിരമായി കുടുംബസമേതം പണിയെടുക്കുന്ന സമ്പ്രദായമാണ് വളരെക്കാലം നിലവില്‍ ഉണ്ടായിരുന്നത്. വര്‍ഷാവസാനം, വള്ളൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് ഭൂവുടമയില്‍ നിന്ന് ഉത്സവത്തിന് പോകുമ്പോള്‍ വാങ്ങുന്ന പണം അഡ്വാന്‍സു പണമായി (നില്‍പു പണം) കണക്കാക്കി അടുത്ത വര്‍ഷത്തില്‍ ജോലി ചെയ്യാനുള്ള ഒരു സ്വയം അലിഖിത കരാര്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ഇങ്ങിനെ പണിയെടുക്കുമ്പോള്‍ കൂലിയായി നെല്ലാണ് കൊടുത്തിരുന്നത്. കൂടാതെ ഓരോ വര്‍ഷവും ഒരു കര്‍ഷക തൊഴിലാളികുടുംബത്തിന് നിശ്ചിത അളവില്‍ തുണിയും (കാരിക്കന്‍) കൊയ്ത്തും മെതിയും കഴിഞ്ഞാല്‍ നിശ്ചിത അളവില്‍ നെല്ലും (കുണ്ടല്‍) അവസാനത്തെ ഒക്കാല്‍ (കന്നുകാലികളെ കൊണ്ട് ചവിട്ടിമെതിപ്പിക്കുന്ന രീതി) കഴിഞ്ഞാല്‍ നിശ്ചിത അളവില്‍ വാരിയെടുക്കുന്ന നെല്ലും (ഒക്കിപ്പൊലി) അവകാശമായി ലഭിച്ചിരുന്നു. ഈ സമ്പ്രദായങ്ങളെല്ലാം കഴിഞ്ഞ 21ാം നൂറ്റാണ്ടോടുകൂടെ ഇല്ലാതായി. ഇവരുടെ ആരാധനാ മൂര്‍ത്തിയായ ‘കാളി’യെ പ്രീതിപ്പെടുത്തിയാല്‍ രോഗം മാറുമെന്നും എല്ലാ വിഷമങ്ങളും ഇല്ലാതാവുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ബാണാസുരമലയില്‍ വാളാരം കുന്ന് ഭാഗത്തെ ഒന്നുരണ്ടു ‘നായ്ക്കര് കോളനിയും’ പുളിഞ്ഞാല്‍ ഭാഗത്തെ ‘കാടര്‍’ സമുദായക്കാരും ആണ് മറ്റു പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍. പട്ടികജാതി വിഭാഗത്തില്‍ പെട്ട ‘പുലയര്‍’ ഈ പഞ്ചായത്തിലെ കാവുംകുന്ന്, ബീച്ചൂര്‍കുന്ന്(തരുവണ) കൂപണ പ്രദേശങ്ങളിലാണുള്ളത്. മുന്‍കാലങ്ങളില്‍ കൈതയോലപ്പായ നെയ്തും മുറം നെയ്തും മറ്റു കൈത്തൊഴില്‍ ചെയ്തുമാണിവര്‍ ജീവിച്ചിരുന്നത്. ബാണാസുര മലയില്‍ പട്ടികജാതിക്കാരായ കുറവരുടെ ഒന്നു രണ്ടു കോളനികള്‍ ഉണ്ട്.വടക്കെ വയനാട്ടിലെ മുന്‍ എം.എല്‍.എ.യും വെള്ളമുണ്ട മുന്‍ പഞ്ചായത്തു മെമ്പറും പൊതു പ്രവര്‍ത്തകരും രാഷ്ട്രീയ നേതാവും അറിയപ്പെടുന്ന പാരമ്പര്യ ചികിത്സകനുമായ ശ്രീ. കെ.കെ. അണ്ണന്‍ പാറമൂല കുറിച്യതറവാട്ടിലെ അംഗമാണ്. മുന്‍ പഞ്ചായത്തു മെമ്പറായ പെരുവടി കേളു ഈ പ്രദേശത്തെ കുറിച്യ കാരണവരാണ്.ആദ്യകുടിയേറ്റക്കാരിലൊരാളായ അരീക്കോട് വര്‍ക്കിയുടെ മകനും കര്‍ഷകതൊഴിലാളി പ്രവര്‍ത്തകനും നക്സലൈറ്റ് നേതാവുമായ, പൊലീസു വെടിയേറ്റു രക്തസാക്ഷിത്വം വരിച്ച വര്‍ഗീസ് ഈ പഞ്ചായത്തുകാരനാണ്.

 

വികസനചരിത്രം

ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1884ല്‍ കെല്ലൂരിലാണ് ആരംഭിച്ചത്. ശ്രീ.പൈതല്‍ മാസ്റ്റരാണ് ഇത് ആരംഭിച്ചത്. 1920ല്‍ പഴഞ്ചനയില്‍ ശ്രീ. അമ്പു കുരുക്കള്‍ തുടങ്ങിയ പ്രാഥമിക വിദ്യാലയമാണ് ഇപ്പോള്‍ വെളിയരണയിലെ ഗവ.യു,പി.സ്ക്കൂളായി മാറിയത്. ആദ്യത്തെ യു.പി.(ഹയര്‍ എലിമെന്ററി സ്ക്കൂള്‍) 1928ല്‍ സ്ഥാപിച്ച ഇപ്പോഴത്തെ വെള്ളമുണ്ട എ.യു.പി.സ്ക്കൂളാണ്.1924ല്‍ ഡോ. നമ്പൂതിരി എല്‍.എം.പി.യാണ് ആദ്യത്തെ വൈദ്യശുശ്രൂഷ സ്ഥാപനം ആരംഭിച്ചത്. ഇപ്പോഴത്തെ രജിസ്ട്രര്‍ ആഫീസ് പരിസരത്ത് 1930ല്‍ കര്‍ഷകരുടെ സഹകരണ നെല്ല് വിപണന സൊസൈറ്റിയായ വെള്ളമുണ്ട സൊസൈറ്റി രൂപീകരിച്ചു. 1936ല്‍ വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറിയും 1922ല്‍ വെള്ളമുണ്ടയിലും തരവണയിലും കര്‍ഷകരുടെ ഐക്യനാണയസംഘങ്ങളും സ്ഥാപിച്ചു. ഇവയാണ് പിന്നീട് സര്‍വ്വീസ് സഹകരണ ബാങ്കുകളായി വളര്‍ന്നത്.വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയാണിതിനു കാരണം. വയനാട്ടില്‍ ഉന്നതവിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് മാനന്തവാടി കേന്ദ്രീകരിച്ച് 1950കളില്‍ ആരംഭിച്ച പാരലല്‍ കോളേജ് ഈ പ്രദേശത്തുകാര്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്.ജനങ്ങളുടെ ഭക്ഷണശീലം, വസ്ത്രധാരണം, പാര്‍പ്പിടനിര്‍മാണം എന്നിവയിലെല്ലാം ത്വരിതഗതിയിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്കുണ്ടായത്. 1950 കളിലെ കുടിയേറ്റത്തോടനുബന്ധിച്ച് പ്രചരിച്ച കപ്പ (മരച്ചീനി) ഇടക്കാലത്ത് ഒരു പ്രധാന ഭക്ഷണമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ വറുതിയും പട്ടിണിയും ഇന്നും പ്രായമുള്ളവര്‍ ഓര്‍ക്കുന്നു. പന വെട്ടി അതിന്റെ ചോറ് അരിച്ചു ‘പനമ്പലിട്ടു’ ഉണാക്കി ഭക്ഷിച്ചും, കാട്ടു ചേമ്പും കരിന്താളും, കങ്ങിക്കിഴക്കും, കാച്ചിലും, മുത്താറിയും, മുളംകൂമ്പും, കാട്ടുതവരയും ‘മത്തന്‍ചപ്പു’മെല്ലാം ഭക്ഷിച്ചുമാണ്് ജനങ്ങള്‍ കഴിഞ്ഞു കൂടിയിരുന്നത്.കന്നുകാലികള്‍ സുലഭമായിരുന്നതിനാല്‍ പല കുടുംബങ്ങളിലും മോരും തൈരും നെയ്യുമെല്ലാം ഉണ്ടായിരുന്നു. മണ്ണെണ്ണ ലഭിക്കാതിരുന്നപ്പോള്‍ ആവണക്കിന്‍കുരു ഈര്‍ക്കിലിയില്‍ കുത്തി കത്തിച്ചാണ് വെളിച്ചം കണ്ടിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ റേഷനായി ലഭിച്ച ഒന്നാ രണ്ടോ വാര വീതം കോറത്തുണികൊണ്ടുള്ള പരിമിതമായ വസ്ത്രങ്ങളാണ് പുരുഷനും സ്ത്രീയും ധരിച്ചിരുന്നത്. പുരുഷന്മാരും സ്ത്രീകളും എല്ലാം മുടി നീട്ടി കുടുമ കെട്ടി വെച്ചിരുന്നു, പത്യേകിച്ച് ആദിവാസി, നായര്‍ കുടുംബങ്ങളിലുള്ളവര്‍. ബഹുഭൂരിപക്ഷം വീടുകളും പുല്ലുമേഞ്ഞ പുരകള്‍ ആയിരുന്നു. കാലവര്‍ഷം കഴിഞ്ഞാല്‍ തുലാവര്‍ഷത്തില്‍, കെട്ടിമേഞ്ഞ വീടുകളും ചോര്‍ന്നാലിക്കുമായിരുന്നു.ഗതാഗതത്തിനു സമ്പന്നര്‍ക്കു മാത്രം അപൂര്‍വ്വമായി കാളവണ്ടി ഉണ്ടായിരുന്നു. അലങ്കരിച്ച ചക്രവും മേല്‍ക്കൂരയുമുള്ള കഴുത്തില്‍ നിറയെ മണികെട്ടിയ കാളകള്‍ കാളവണ്ടികള്‍ വലിച്ചോടുന്നത് അപൂര്‍വ്വ ദൃശ്യങ്ങളായിരുന്നു. കല്‍ക്കരിയുപയോഗിച്ച് ഓടുന്ന ബസ്സാണ് മാനന്തവാടി-കോഴിക്കോട്ടു റൂട്ടില്‍ ഉണ്ടായിരുന്നത്. മറ്റു പ്രദേശങ്ങളില്‍ റോഡുകള്‍ അപൂര്‍വ്വമായിരുന്നു.